നബിദിനാഘോഷത്തിന്
തെളിവെവിടെ ?
بسم
لله الرحمن الرحيم
സുഹൃത്തേ, السَّلاَمُ
عَلَيْكُمْ وَرَحْمَةُ للهِ وَبَرَكَاتُهُ
മഹാന്മാരുടെ വിശിഷ്യാ പ്രവാചകപ്രഭു മുഹമ്മദ് നബി(സ)യുടെ
ജന്മദിനം ആഘോഷിക്കൽ മതപരമായ ഒരു പുണ്യ കർമ്മമായി മുസ്ലിംകളിലെ ഒരു വിഭാഗം ജനങ്ങൾ കാണുന്നു.
എന്നാൽ ഇത് ഖുർആനും തിരുസുന്നത്തും പഠിപ്പിച്ച അധ്യാപനങ്ങൾക്ക് വിപരീതവും
ബിദ്അത്തുമാണ്. സമസ്ക്കാരുടെ പള്ളികളിൽ വെള്ളിഴാഴ്ച്ചകളിലെ ജുമുഅ ഖുതുബകളിൽ
അറബിയിൽ വായിക്കുന്ന ഇബ്നു നബാതത്തുൽ മിസ്രിയുടെ കിതാബിൽ,
ഖുതുബയുടെ ഏടുകളില്‍ റബീഉൽ അവ്വൽ മാസത്തിലെ അഞ്ചു ഖുതുബകളിലും നബി (സ) യുടെ ജന്മം, ആഘോഷം എന്നുള്ള ഒരു വാക്കോ, ജന്മദിനം ആഘോഷിക്കുന്നതിനുള്ള നിർദ്ദേശമോ
ആഹ്വാനമോ ഇല്ല. മറിച്ച് ആദ്യ രണ്ട് ഖുതുബകളിൽ മുത്ത് നബി (സ)യുടെ അന്ത്യനിമിഷങ്ങള്‍
പരാമര്‍ശിക്കുകയും തുടര്‍ന്നുള്ള മൂന്ന് ഖുതുബകളിൽ,
മരണത്തിന്റെ ഭയാനകതയെ പറ്റിയും പാരത്രിക ജീവിതത്തെ പറ്റിയും ജനങ്ങളെ
ഉത്ബുദ്ധരാക്കുകയുമാണ് ചെയ്യുന്നത്... പ്രസ്തുത ഖുതുബകളുടെ മലയാളത്തിലുള്ള
പരിഭാഷയാണ് നിങ്ങളുടെ ചിന്തയിലേക്കായി സമർപ്പിക്കുന്നത്. സത്യം ഉള്‍കൊണ്ടുകൊണ്ട് അനാചാരങ്ങളും
ബിദ്അത്തുകളും കൈയ്യൊഴിക്കാന്‍ അല്ലാഹു നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാവട്ടെ എന്ന്
അല്ലാഹുവിനോട് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
റബീഉൽ അവ്വൽ
മാസത്തിലെ ഒന്നാമത്തെ ഖുത്തുബ
എതിർ പ്രവർത്തിച്ചവനെ ശിക്ഷിക്കുന്ന, ദേഷ്യം പിടിപ്പിച്ചവനെ
നശിപ്പിക്കുന്ന അല്ലാഹുവിനാണ് സർവ്വസ്തുതിയും.
പങ്കുകാരനില്ലാത്ത
ഏകനായ അല്ലാഹു മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം
മുഹമ്മദ് നബി (സ) അവന്റെ അടിമയും പ്രവാചകനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.
മുഹമ്മദ് നബി (സ)യിലും കുടുംബത്തിലും ഏറ്റവും ശ്രേഷ്ഠവും അധികരിക്കുന്നതുമായ
ഗുണങ്ങൾ അല്ലാഹു വർഷിക്കട്ടെ.
ജനങ്ങളെ,
അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ
ഉപദേശിക്കുന്നു.
നിങ്ങളിൽ ആരും അല്ലാഹുവിന്റെ അടുക്കൽ തന്റെ പ്രവാചകനെക്കാൾ
പവിത്രതയുള്ളവനോ, ഔന്നത്യം ഉടയവനോ അല്ല. അവധി എത്തിയപ്പോൾ
അദ്ദേഹം പിന്തിക്കപ്പെട്ടില്ല. മരണം ആസന്നമായപ്പോൾ ആയുസ്സ്
വർദ്ധിപ്പിക്കപ്പെട്ടതുമില്ല. ഇതുപോലുള്ള ഒരു മാസത്തിൽ അല്ലാഹുവിന്റെ മാന്യമാരായ
ദൂതന്മാർ - മലക്കുകൾ - അദ്ദേഹത്തെ സമീപിച്ചു.
അവിടത്തെ വിശുദ്ധ ആത്മാവിനെ റബ്ബിന്റെ
അനുഗ്രഹത്തിലേക്കും തൃപ്തിയിലേക്കും പരിശുദ്ധകളായ സ്വർഗ്ഗ വനിതകളിലേക്കും
യാത്രയാക്കാൻ അവർ - മലക്കുകൾ - സാഹസപ്പെടുകയും പരിശ്രമിക്കുകയും ചെയ്തു. അതിനാൽ
പ്രവാചകന്റെ ഞെരുക്കവും പ്രയാസവും ശക്തിയായി നേരിയ ശബ്ദം തുടർന്നുവന്നു. അവിടത്തെ
ഇടഭാഗവും വലഭാഗവും വിടർന്നും - ചുരുങ്ങിയും കൊണ്ടിരുന്നു. മരണത്തിന്റെ ഭീകരതയാൽ
അവിടത്തെ നെറ്റിത്തടം വിയർത്തു. നബി (സ) യെ കണ്ടവർ മുഴുവനും കരഞ്ഞു. അവിടെ
കൂടിനിന്നവരെല്ലാം തേങ്ങിക്കരഞ്ഞു.
വിധിയെ
തടുക്കാൻ വെപ്രാളത്തിന്നു സാധ്യമായില്ല. അവിടത്തെ ഭാര്യമാരെയോ കുടുംബത്തേയോ മലക്ക്
പ്രശ്നമാക്കിയില്ല. കൽപ്പിക്കപ്പെട്ടത് അദ്ദേഹം പ്രവർത്തിച്ചു. ലൗഹിൽ
രേഖപ്പെടുത്തപ്പെട്ടത് അദ്ദേഹം പിന്തുടർന്നു.
അന്ത്യനാളിൽ
ആദ്യം പുറത്ത് വരുന്ന വ്യക്തിയും മഹ്ശറയിൽ ശുപാർശ ചെയ്യുന്ന വ്യക്തിയും ഇദ്ദേഹം -
മുഹമ്മദ് നബി (സ) ആയിരിക്കും. അവിടന്ന് ആകാശഭൂമികളിൽ വസിക്കുന്നവരിൽ ഏറ്റവും
മാന്യതയുള്ളവരാണ്. അന്ത്യദിനത്തിൽ സുരക്ഷിതത്വം ഉറപ്പായവരാണ്.
എങ്കിൽ ചിന്തിക്കുക
യാത്ര - മരണം – എപ്പോഴെന്നറിയാതെ,
വിശ്രമസ്ഥലം എവിടെയെന്നറിയാതെ, ഏതൊന്നിലൂടെയാണ് മുന്നിടുക എന്ന്
ബോധ്യമില്ലാത്ത അന്ത്യദിനത്തിൽ തന്റെ വിധി എന്തായിരിക്കുമെന്ന് ജ്ഞാനമില്ലാത്ത
ഒരുവന്റെ അവസ്ഥ എന്തായിരിക്കും ?
മൺമറഞ്ഞവരുടെ പിന്നിൽ മരണത്തെ കാത്തിരിക്കുന്നവരെ, ദേഹേച്ഛകളാൽ
വലയം ചെയ്യപ്പെട്ടവരെ, ആഗ്രഹങ്ങളുടെ അടിമകളെ, ഭക്തമാരുടെ നായകനും ലേകരക്ഷിതാവിന്റെ ഇഷ്ടനുമായ മുഹമ്മദ് നബി (സ) യിൽ
നിന്നും നിങ്ങൾ പാഠമുൾക്കൊള്ളുന്നില്ലേ ?
ഇഹത്തിൽ
ശാശ്വതരെന്ന് നിങ്ങൾ ധരിച്ചുവോ? മരണത്തിൽ നിന്നും സുരക്ഷിതരെന്ന് നിങ്ങൾ
വിചാരിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ഊഹം എത്ര മോശമാണ്.
നിശ്ചയം നിങ്ങൾ വഞ്ചിക്കപ്പെട്ടവരാണ്. അല്ലാഹുവാണ് സത്യം, യാത്ര
നിങ്ങൾക്ക് ഗുരുതരമായിട്ടുണ്ട്. മതിയായ സൽകർമ്മങ്ങൾ ശേഖരിക്കുക. ചോദ്യം
നിർബന്ധമായിട്ടുണ്ട്, ശരിയായ മറുപടി നിങ്ങൾ തയ്യാറാക്കുക.
ഇതാ നിങ്ങളുടെ മരണ വാർത്ത വിളിച്ചറിയിക്കാറായിട്ടുണ്ട്. അതിന് ശേഷം
നന്മകൾ വർദ്ധിപ്പിക്കുവാനും തിന്മകൾ കുറക്കാനും നിങ്ങൾക്ക് സാധ്യമല്ല.
നിങ്ങൾക്ക്
മുമ്പുള്ളവർ എവിടെ? പ്രതാപമുള്ളവരും സുരക്ഷിതരുമായിരുന്നു അവർ.
ആയുർദൈർഘ്യവും ഭൗതിക സൗകര്യങ്ങളും ഉള്ളവരായിരുന്നു അവർ. മരണം അവരെ തകർത്തുകളഞ്ഞു.
അവർ മണ്ണിന്റെ ഭാഗമായി. ചെറു ജീവികൾക്ക് ഭക്ഷണമായിപ്പോയി. പുനർജന്മം വരെ ഇതാണവരുടെ
അവസ്ഥ.
പുനർജന്മ
ദിവസം തങ്ങളുടെ പ്രവർത്തനങ്ങൾ കാണാൻ വേണ്ടി ജനങ്ങൾ ചിതറിയവരായി തിരിച്ചു വരും.
നന്മ ചെയ്തവർ അത് കാണും. തിന്മ ചെയ്തവർ അതും കാണും. സദുപദേശം കൊണ്ട് ഉപകാരം
ലഭിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ.
ഔദാര്യവും ഉപകാരവും ഉടയനാഥന്റെ വാക്യം.
(34) وَمَا
جَعَلْنَا لِبَشَرٍ مِنْ قَبْلِكَ الْخُلْدَ ۖ أَفَإِنْ مِتَّ فَهُمُ
الْخَالِدُونَ
(35) كُلُّ
نَفْسٍ ذَائِقَةُ الْمَوْتِ ۗ وَنَبْلُوكُمْ بِالشَّرِّ وَالْخَيْرِ فِتْنَةً ۖ
وَإِلَيْنَا تُرْجَعُونَ
(നബിയേ,) നിനക്ക് മുമ്പ് ഒരു
മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍
നിത്യജീവികളായിരിക്കുമോ? ഓരോ വ്യക്തിയും മരണം
ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്കിക്കൊണ്ടും നന്മ
നല്കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ
നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(21 :34,35)
