بسم الله الرحمن الرحيم

സംശയങ്ങള്‍ , അഭിപ്രായങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ , ചോദ്യങ്ങള്‍ , വിമര്‍ശനങ്ങള്‍ എന്നിവ ഇ-മെയിലിലൂടെ ഞങ്ങളെ അറിയിക്കാവുന്നതാണ്. ഞങ്ങളുടെ ഇ-മെയില്‍ : salafiunitypkd@gmail.com

മനസ്സിന്‍റെ ഐശ്വര്യം


യമന്‍ നിവാസികളായ തജീബ് ഗോത്രത്തിലെ പതിമൂന്ന് പേര്‍ നബിതിരുമേനി(സ)യുടെ സന്നിധിയിലെത്തി. തിരുമേനി അവരെ നന്നായി സല്‍ക്കരിച്ചു. അവര്‍ക്ക് സഹായത്തിനായി ബിലാലിനെ നിയോഗിക്കുകയും ചെയ്തു. തിരുമേനിയില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ അവര്‍ പഠിച്ചു. പഠിച്ച കാര്യങ്ങള്‍ നാട്ടുകാര്‍ക്ക് എത്തിക്കാനായി മദീന വിടാനൊരുങ്ങി. നിവേദക സംഘങ്ങള്‍ക്ക് നല്‍കുന്നതില്‍ ഏറ്റവും നല്ല പാരിതോഷികം അവര്‍ക്ക് നല്‍കാന്‍ നബിതിരുമേനി നിര്‍ദേശിച്ചു. പാരിതോഷികം ലഭിക്കാന്‍ ഇനി വല്ലവരും ബാക്കിയുണ്ടോ എന്ന് തിരുമേനി അന്വേഷിച്ചു.

“ഉണ്ട്, യാത്രാ വാഹനങ്ങള്‍ക്ക് കാവലിരിക്കുന്ന ഒരു കുട്ടി”

“അവനോട് ഇങ്ങോട്ട് വരാന്‍ പറയൂ”

അവര്‍ കുട്ടിയെ തിരുസദസ്സിലെത്തിച്ചു. അവന്‍ സ്വയം പരിചയപ്പെടുത്തി.
“ഞാന്‍ അബദീ ഗോത്രത്തിലെ അംഗമാണ്. സംഘത്തിലുള്ളവര്‍ക്ക് വേണ്ടതെല്ലാം താങ്കള്‍ നല്‍കിയല്ലോ. ഇനി എനിക്ക് വേണ്ടതും തരുമോ?”

“തീര്‍ച്ചയായും! എന്തൊക്കെയാണ് നിന്‍റെ ആവശ്യങ്ങള്‍?”

“എന്‍റെ കൂട്ടുകാരുടേതുപോലെയുള്ളതല്ല എന്‍റെ ആവശ്യങ്ങള്‍; അവര്‍ ഇസ്ലാമിനോടുള്ള പ്രിയംകൊണ്ട് വന്നവരാണെങ്കിലും. നാട്ടില്‍ നിന്ന് ഞാനിവിടംവരെ വന്നത് എനിക്ക് പാപങ്ങള്‍ പൊറുക്കപ്പെടാനും എന്നില്‍ അല്ലാഹുവിന്‍റെ കരുണയുണ്ടാകാനും എനിക്കുള്ള ഐശ്വര്യവും സമ്പാദ്യവും എന്‍റെ മനസ്സില്‍ നിക്ഷേപിച്ചുതരുവാനും അല്ലാഹുവിനോട് തിരുനബി പ്രാര്‍ഥിക്കണമെന്ന് അപേക്ഷിക്കുവാനുമാണ്”.

അവനെ അടുത്തുചേര്‍ത്തി രുത്തി നബിതിരുമേനി പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, ഈ കുട്ടിക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും ഐശ്വര്യം ഇവന്‍റെ മനസ്സില്‍ നിറയ്ക്കുകയും ചെയ്യേണമേ”.

ശേഷം സംഘത്തിനു നല്‍കിയ പാരിതോഷികം അവനും നല്‍കി. അവരെല്ലാം തിരിച്ചുപോയി.

ഹിജ്റ പത്താം വര്‍ഷം
ഈ സംഘം മിനായില്‍വെച്ച് വീണ്ടും തിരുമേനിയുമായി സംഗമിച്ചു.

“നിങ്ങളോടൊപ്പം എന്നെ സന്ദര്‍ശിച്ച ആ കുട്ടിയെവിടെ?”

“തിരുദൂതരേ, അവനെപ്പോലെ വെ റൊരാളെ ഞങ്ങള്‍ കണ്ടിട്ടില്ല. അല്ലാഹു നല്‍കിയതില്‍ അവനെക്കാള്‍ സംതൃപ്തനായി കഴിയുന്ന മറ്റൊരാളെ ഞ ങ്ങള്‍ കേട്ടിട്ടുമില്ല. ജനങ്ങളെല്ലാം ചേര്‍ ന്ന് ഈ ദുനിയാവിനെ ഓഹരി വെ ക്കുകയാണെങ്കില്‍പോലും അവനങ്ങോട്ട് തിരിഞ്ഞുനോക്കുകയേ ഇല്ല”.

“അല്‍ഹംദുലില്ലാഹ്! അവന്‍ ഒന്നായി മരിക്കട്ടെ എന്ന് ഞാനാശിക്കുന്നു”.

“മനുഷ്യന്‍ മരിക്കുമ്പോള്‍ ഒന്നായിതന്നെയല്ലേ മരിക്കുക?” – അവര്‍ക്ക് സംശയം.

“അല്ല! ചിന്നിച്ചിതറി മരിക്കുന്നവരുമുണ്ട്. അവരുടെ മോഹങ്ങളും അഭിലാഷങ്ങളും ഭൂമിയിലെ താഴ്വരകളില്‍ ശിഥിലമായിക്കിടക്കും. അത്തരം ഏതെങ്കിലുമൊരു താഴ്വരയില്‍ വെച്ചാകും മരണം അവരെ പിടികൂടുക. ഏതില്‍വെച്ചാണ് അവര്‍ നശിച്ചതെന്ന് അല്ലാഹു നോക്കുകയേയില്ല”.

തിരുനബിയുടെ പ്രാര്‍ഥനപോലെ ആ കുട്ടി നല്ലവനായി ജീവിച്ചു. തിരുമേനി ഇഹലോകവാസം വെടിഞ്ഞപ്പോള്‍ യമന്‍കാരില്‍ വലിയൊരു വിഭാഗം ഇസ്ലാം വെടിഞ്ഞുവെങ്കിലും ആ കുട്ടി സത്യമതത്തില്‍ ഉറച്ചുനിന്നു. മതപ്രബോധകനായി ജീവിച്ചു. മഹാ പണ്ഡിതനായിത്തീര്‍ന്നു.

അല്ലാഹു നല്കിയ ജീവിത വിഭവങ്ങളില്‍ സംതൃപ്തനായി ജീവിക്കാന്‍ സാധിക്കുന്നതിലും മികച്ച ഒരു സൌഭാഗ്യമില്ല. അസൂയയും ആകുലതകളുമില്ലാതെ ജീവിക്കാന്‍ അത്തരക്കാര്‍ക്ക് സാധിക്കുന്നു. ടെന്‍ഷനില്ലാതെ മുന്നോട്ടുപോകാന്‍ പ്രാപ്തരാകുന്നു. ആര്‍ത്തിയും അസൂയയുമായി കഴിയുന്നവര്‍ക്ക് ജീവിതസുഖമെന്തെന്ന് അറിയില്ല. ഒന്നു കഴിഞ്ഞാല്‍ മറ്റൊന്നിനുള്ള ആര്‍ത്തിയും ആഗ്രഹവുമാണ് അവരുടെ നെഞ്ചുനിറയെ. അല്ലാഹുവിന്‍റെ വിധികളില്‍ സംതൃപ്തരാകാന്‍ അവര്‍ക്കാവില്ല.

തിരുനബി(സ)യുടെ ജീവിതം നോക്കൂ; നമ്മുടെ വീക്ഷണത്തില്‍ അങ്ങേയറ്റത്തെ ദുരിതങ്ങള്‍ നിറഞ്ഞ ജീവിതം. എന്നിട്ടും പരിമിതമെങ്കിലും അല്ലാഹു നല്കിയ ജീവിത വിഭവങ്ങളില്‍ റസൂല്‍ തിരുമേനി(സ) സംതൃപ്തനായിരുന്നു. അവിടുത്തെ കുടുംബവും അങ്ങനെ തന്നെ. അവരുടെ ആഹാരം പരുപരുത്ത റൊട്ടിയോ ഉണങ്ങിയ ബാര്‍ലിയോ മാത്രമായിരുന്നെങ്കിലും സന്തോഷത്തോടെ അത് കഴിക്കുകയും “നമ്മെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും മുസ്ലിംകളില്‍ ചേര്‍ക്കുകയും ചെയ്ത അല്ലാഹുവിന് സര്‍വസ്തുതിയും” എന്ന് പ്രാര്‍ഥിക്കുകയും ചെയ്യാന്‍ അവര്‍ക്ക് സാധിച്ചു. വസ്ത്രമണിയുമ്പോള്‍ പറയുന്നതിങ്ങനെ: “എന്നെയിത് ധരിപ്പിച്ച, എന്‍റെ കഴിവോ സാമര്‍ഥ്യമോ കൂടാതെ എനിക്കിത് പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി! അല്ലാഹുവേ, ഞങ്ങള്‍ നിന്നോട് അവയില്‍ ഉത്തമമായത് ചോദിക്കുന്നു.” വാഹനത്തില്‍ കയറിയാല്‍: “ഇതിനെ ഞങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തന്നവന്‍ എത്ര പരിശുദ്ധന്‍! അവന്‍റെ ആനുഗ്രഹമില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്കിത് അധീനത്തിലാക്കാന്‍ സാധിക്കുമായിരുന്നില്ല.” ഇതാണ് സത്യവിശ്വാസിയുടെ മനോഗതം. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ അനുസ്മരിച്ചുകൊണ്ടേയിരിക്കുന്ന മനസ്സ്. അവന്‍നല്‍കാത്തതിനെക്കുറിച്ച് ആകുലപ്പെടുന്നതിനു പകരം, അവന്‍ നല്കിയതില്‍ ആനന്ദിക്കുന്ന മനസ്സ്!

അല്ലാഹുവിന്‍റെ ഒരു കല്പന: “ഈ ലോകത്ത് വിവിധതരം ആളുകള്‍ക്ക് നാം നല്കിയ ഐഹിക സുഖങ്ങളില്‍ താങ്കള്‍ കണ്ണുവെക്കരുത്. അത്, നാമവരെ പരീക്ഷിക്കാനായി നല്കിയിട്ടുള്ളതാകുന്നു. താങ്കളുടെ നാഥന്‍ നല്കിയ ഹിതകരമായ വിഭവം മാത്രമാകുന്നു ഉത്കൃഷ്ടവും സ്ഥായിയും ആയിട്ടുള്ളത്.” (ത്വാഹാ 131)

അലി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസ്. റസൂല്‍ തിരുമേനി(സ) പറയുന്നു: “നിങ്ങളെപ്പറ്റി ഞാന്‍ ഭയക്കുന്ന രണ്ടു കാര്യങ്ങള്‍; വര്‍ധിച്ച മോഹങ്ങളും ആഗ്രഹങ്ങളുടെ പിറകെപ്പോക്കുമാണ്. മോഹങ്ങള്‍ വര്‍ധിക്കുമ്പോള്‍ പരലോകത്തെ മറക്കും. ആഗ്രഹങ്ങളെ പിന്‍പറ്റുമ്പോള്‍ സത്യത്തില്‍ നിന്നകലും. ഇഹലോകത്തിനും പരലോകത്തിനും അതാതിന്‍റെ മക്കളുണ്ട്. നിങ്ങള്‍ പരലോകത്തിന്‍റെ മക്കളാവുക. ഇത് കര്‍മങ്ങളുടെ സമയമാണ്. ഇവിടെ വിചാരണയില്ല. നാളെ കര്‍മമില്ല; വിചാരണയേയുള്ളൂ.” (കിതാബുസ്സുഹ്ദ് 4:122)

കുന്നുകൂട്ടിയ സമ്പത്തിലോ, കൂറ്റന്‍ കെട്ടിടങ്ങളിലോ, വിഭവസമൃദ്ധമായ ഭക്ഷണത്തിലോ ആഡംബര വാഹനങ്ങളിലോ ആണ് സംതൃപ്തി പാര്‍ക്കുന്നതെന്ന് മുസ്ലിം വിശ്വസിക്കുന്നില്ല. ദരിദ്രമായ ജീവിതത്തിലാണെങ്കിലും ചെറ്റപ്പുരയിലാണ് അന്തിയുറങ്ങുന്നതെങ്കിലും മുസ്ലിമിന് ഹൃദയാനന്ദം അനുഭവിക്കാന്‍ സാധിക്കുന്നത് അല്ലാഹുവിന്‍റെ വിധികളിലുള്ള തികഞ്ഞ വിശ്വാസവും പരലോക ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയും കൊണ്ടാണ് 

“സമ്പത്തിന്‍റെ ആധിക്യം കൊണ്ടുള്ളതല്ല ഐശ്വര്യം, മനസ്സിന്‍റെ ഐശ്വര്യമാണ് ഐശ്വര്യം.” എന്ന് റസൂല്‍ തിരുമേനി(സ) പറയുകയുണ്ടായി. ആ ജീവിതം ഈ വാക്കിന് നേര്‍ സാക്ഷ്യമായിരുന്നു.

അല്ലാഹുവിനെ, അവന്‍റെ അനുഗ്രഹങ്ങളെ, വിധികളെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുകയും ഉള്ളില്‍ തട്ടിയ ആത്മ സംതൃപ്തിയോടെ ജീവിക്കാന്‍ സാധിക്കുകയും ചെയ്യുന്നതിലേറെ വലിയ സുഖമെന്താണ് വേറെ?

You Might Also Like :